കൊച്ചി:ഇന്നലെ രാത്രി കേരളത്തിൽ പല ഇടങ്ങളിലെയും റോഡുകളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക് ആണ് നേരിട്ടത്. കാരണമോ, മോഹൻലാലിന്റെ ‘തുടരും’ ചിത്രത്തിന്റെ റിലീസ്. കൊച്ചി എം ജി റോഡിലെ കവിതാ തിയേറ്റർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ തിരക്കും കാണാൻ കയറുന്നവരുടെ തള്ളിക്കയറ്റവും വാഹനങ്ങളുമായി മണിക്കൂറുകൾ നീണ്ട ബ്ലോക്ക് ആണ് എം ജി റോഡിൽ ഉണ്ടായത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മികച്ച പ്രതികരണങ്ങളോടെ തുടരും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തരുൺ മൂർത്തി സംവിധാനത്തിൽ എത്തിയ ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരിത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 35K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
