ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു
ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ പാക്സൈന്യത്തിന്റെ പാരാ കമാൻഡോ ആയിരുന്നുവെന്നാണ് വിവരങ്ങള്‍.
ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍. മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാർഗ് ടണല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ആക്രമണത്തിലുള്‍പ്പെട്ട ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്നാണ് മൂസയും ടണല്‍ ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന് കണ്ടെത്തിയത്.
അതേസമയം ഭീകരരെ സുരക്ഷാ സേന ലൊക്കേറ്റ് ചെയ്തുവെന്നാണ് വിവരം. ഭീകരവാദികള്‍ക്ക് കശ്മീരില്‍ നിന്ന് പ്രദേശവാസികളുടെ സഹായം കിട്ടിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഭീകരർക്ക് സഹായങ്ങള്‍ നല്‍കുന്ന 15 പേർ ഇവർക്ക് വഴികാട്ടികളായെന്നും ലോജിസ്റ്റിക് സഹായം അടക്കം ചെയ്തുനല്‍കിയെന്നുമുള്ള വിവരങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭീകരർ ഇന്ത്യയിലേക്ക് അതിർത്തിയിലെ കമ്പിവേലി മുറിച്ചാണ് നുഴഞ്ഞുകയറിയത്. തുടർന്ന് ഇവർ പല ഭീകരാക്രമണങ്ങളിലും പങ്കെടുത്തിരുന്നു. പലതവണയായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരവാദികളില്‍ ചിലരെ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ വധിച്ചിരുന്നു. മൂസയുള്‍പ്പെടെയുള്ള മറ്റ് ഭീകരവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്
