മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയതോടെ നടി പുലിവാല് പിടിച്ചു. ഹിന്ദി–മറാഠി നടിയായ ഛായാ കദം ആണ് സ്വന്തം വെളിപ്പെടുത്തലിലൂടെ വെട്ടിലായത്. നടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. നടിയുടെ മൊഴി എടുക്കാനായി വനംവകുപ്പ് അധികൃതർ നോട്ടീസ് നൽകിയിരിക്കുകയാണ്.
മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്നായിരുന്നു താരത്തിൻ്റെ വെളിപാട്. അടുത്തിടെ മറാഠി റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്നാൽ, അഭിമുഖം പുറത്തുവന്നതോടെ വെളിപ്പെടുത്തൽ താരത്തിന് കുരുക്കായി മാറുകയായിരുന്നു.
മുംബൈ ആസ്ഥാനമായ പ്ലാൻ്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും ഡിഎഫ്ഒയ്ക്കും പരാതി നൽകിയത്. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തൽ ശരിയാണെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്ക് എതിരെയും നടപടി വേണമെന്ന് പരാതിയിൽ പറയുന്നു. ഇതോടെയാണ് നടിയെ മൊഴിയെടുക്കാനായി വനം വകുപ്പ് വിളിപ്പിച്ചത്. മുംബൈയിൽ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അറിയിച്ചു.
ലാപത ലേഡീസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഡ്‌ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.
