കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതിക്ക് നേരെ വധശ്രമം. ഇന്ത്യയിലെത്തിയതോടെ വാർത്തകളിൽ നിറഞ്ഞ സീമ ഹൈദറിനെയാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സീമയും കാമുകൻ സച്ചിൻ മീനയും താമസിക്കുന്ന ഗ്രേറ്റർ നോയ്ഡയിലെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് സീമയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ഗുജറാത്ത് സ്വദേശിയായ തേജസ് ജാനി എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് ഞെരിക്കാൻ അയാൾ ശ്രമിച്ചത്. ഇയാളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
പൊലീസ് റിപ്പോർട്ട് പ്രകാരം ഡൽഹി വഴി ട്രെയിൻ മാർഗമാം റബുപുരയിലെത്തിയത്. സീമയുടെ വീട്ടിലെത്തിയ ശേഷം തുടർച്ചയായി വാതിലിൽ ചവിട്ടി. ബഹളം കേട്ട് സീമ വാതിൽ തുറന്നതോടെ കടന്നുപിടിച്ച പ്രതി ഇവരെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇവർ പ്രതിരോധിച്ചതോടെ മർദിക്കുകയായിരുന്നു.
തുടർന്ന് ബഹളം കേട്ടെത്തിയ സീമയുടെ വീട്ടുകാരും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരെ സീമയും സച്ചിനും ചേർന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിൽ പ്രതിക്ക് മാനസിക നില തകരാറിലാണെന്ന് വ്യക്തമായി. ഇയാളുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.
