സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12 ആം തവണയും മാറ്റി റിയാദിലെ കോടതി. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു.
ഹാർഡ് കോപ്പി കോടതിയിലേക്ക് അയച്ചു എന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിൽ ഇന്നത്തെ സിറ്റിംഗ് നിർണായകമായാണ് വിലയിരുത്തിയത്. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ മോചന ഉത്തരവ് വൈകുകയാണ്.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാൽ മാത്രമേ റഹീം ജയിൽ മോചിതനാകൂ. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.
