വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പ്രദേശവാസി പുലിയെ കണ്ടത്. കോട്ടക്കുന്ന് പുതുശേരിയിലെ ഒരു വീട്ടിലെ സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. കോഴികൾ ബഹളം വെക്കുന്നകെട്ട് ജനലിലൂടെ നോക്കിയപ്പോൾ പുലി കണ്ടത്. ഇന്നലെ അർധരാത്രി 12 മണിക്ക് ആണ് സംഭവം. പുലി പടികൾ കയറി കോഴിക്കൂട്ടിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂട്ടിൽ നിന്ന് കോഴികളെ കടിച്ചെടുത്ത് പുലി ഓടിപ്പോകുന്നതും കാണാം. ആഴ്ചകൾക്ക് മുമ്പ് ഫെയർലാൻ്റിലും പുലിയെ കണ്ടിരുന്നു.
കഴിഞ്ഞ മാസം സുൽത്താൻ ബത്തേരിയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഫെയർലാൻ്റ് കോളനിയിൽ വെളുപ്പിനെ അഞ്ചേകാലോടെ പ്രദേശവാസിയായ കളരിക്കണ്ടി സുബൈറാണ് പുലിയെ കണ്ടത്. താലൂക്ക് ആശുപത്രി റോഡ് മറികടന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ സിസിടിവി ദൃശ്യവും പുറത്തുവന്നു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
