പഴനി: പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെ ഒരു ഭണ്ഡാരത്തില്‍ മാത്രം കുറേ കടലാസുകഷ്ണങ്ങള്‍ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഭണ്ഡാരത്തിലെ പണം മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രന്‍ പണം മോഷ്ടിച്ചതെന്നു ജീവനക്കാര്‍ പറയുന്നു. മഹേന്ദ്രന്‍ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു സമീപം നില്‍ക്കുന്നത് ജീവനക്കാര്‍ കണ്ടെത്തി.
ഭണ്ഡാരത്തില്‍ പേപ്പര്‍ ഇറക്കിവെച്ച് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്. ഭക്തര്‍ ഇടുന്ന പണം ഈ പേപ്പറില്‍ തട്ടിനില്‍ക്കും. പിന്നീട് ആരുമില്ലാത്ത സമയത്ത് മഹേന്ദ്രനെത്തി തന്ത്രപൂര്‍വം പണം പുറത്തെടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഭണ്ഡാരത്തില്‍നിന്നു പണമെടുക്കാന്‍ വന്ന മഹേന്ദ്രനെ ജീവനക്കാര്‍ കൈയോടെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു
