റായ്‌പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ബിജാപൂർ അതിർത്തിയിൽ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ ഇന്നുരാവിലെ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള ജവാന്മാരാണ് (ഡിആർജി) അബുജ്‌മദ് മേഖലയിൽ നിന്നുള്ള മാവോയിസ്റ്റുകളെ വധിച്ചത്.
അബുജ്‌മദ് മേഖലയിൽ മാവോയിസ്റ്റ് നേതാവ് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നാരായൺപൂർ, ദന്ദേവാഡ, ബിജാപൂർ, കൊണ്ടഗോൻ എന്നിവിടങ്ങളിൽ നിന്ന് ഡിആർജി ജവാന്മാരെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സംസ്ഥാനമായ ഗോവയേക്കാൾ വലിപ്പമുള്ള പ്രദേശമാണ് അബുജ്‌മദ്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ടാലു കുന്നിന് (കെജിഎച്ച്) സമീപം മാവോയിസ്റ്റ് സാന്നിധ്യം നേരിടാൻ സുരക്ഷാ സേന ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ. 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ, ഉന്നത മാവോയിസ്റ്റ് നേതാക്കളും അവരുടെ സായുധ സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായി ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കരെഗുട്ട കുന്നുകളിൽ ഹിദ്‌മ മാധ്വി ഉൾപ്പെടെയുള്ള ഉന്നത മാവോയിസ്റ്റ് നേതാക്കളെയും കമാൻഡർമാരെയും കണ്ടതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 21നാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ആകെ 31 മാവോയിസ്റ്റുകളെയാണ് അന്നത്തെ ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരിൽ ഒരു 16കാരനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) സംസ്ഥാന പോലീസും ചേർന്ന് 1.72 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച 31 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കപ്പെട്ടു, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ, ബിജിഎൽ ഷെല്ലുകൾ, ഡിറ്റണേറ്ററുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു, ഏകദേശം 12,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു.
