രാമക്ഷേത്രത്തിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്, പ്രസാദം നല്‍കാമെന്നു പറഞ്ഞ് പിരിച്ചത് 3.85 കോടി, സൂത്രധാരന്‍ പിടിയില്‍





.

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റേതെന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് കോടികളുടെ തട്ടിപ്പ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് പിരിച്ചത് പത്ത് കോടിയില്‍ അധികമെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്. രാമ ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് നടന്നത്. വ്യാജ വെബ്‌സൈറ്റിലൂടെ ഭക്തരില്‍ നിന്ന് പണം പിരിച്ച സംഭവത്തില്‍ ഒരാളെ യുപി പൊലീസ് പിടികൂടി. തട്ടിപ്പിന്റെ സൂത്രധാരനാണ് പിടിയിലായത് എന്നാണ് വിവരം.



രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ വിശ്വാസികളെ ചൂഷണം ചെയ്തത്. സംഭവത്തില്‍ ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്. അമേരിക്കയില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ 2024 ല്‍ രാമ ക്ഷേത്രം ഉദ്ഘാടന ചടങ്ങിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാദിയോര്‍ഗാനിക്.കോം എന്ന വ്യാജ പോര്‍ട്ടല്‍ ആരംഭിച്ച 2023 ഡിസംബര്‍ 19 നും 2024 ജനുവരി 12 നും ഇടയില്‍ 6.3 ലക്ഷത്തിലധികം ആഭ്യന്തര, അന്തര്‍ദേശീയ ഭക്തരില്‍ നിന്ന് ഓര്‍ഡറുകള്‍ ശേഖരിക്കുകയായിരുന്നു.


ക്ഷേത്രത്തിലെ പ്രസാദം, ക്ഷേത്രത്തിന്റെ മാതൃക, രാമക്ഷേത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിവയുടെ ‘സൗജന്യ വിതരണം’ ആണ് വെബ് സൈറ്റ് സേവനമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് 51 രൂപയും വിദേശ ഭക്തരില്‍ നിന്ന് 11 യുഎസ് ഡോളറും ‘ഫെസിലിറ്റേഷന്‍ ഫീസ്’ ഈടാക്കുകയും ചെയ്തു. യെസ് ബാങ്ക്, പേടിഎം, ഫോണ്‍പേ, മൊബിക്വിക്, ഐഡിഎഫ്സി തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പണം സ്വീകരിച്ചത്. ഇതിലൂടെ 10.49 കോടി രൂപയുടെ ഇടപാടുകള്‍ ആണ് നടന്നട്. പ്രസാദ വിതരണത്തില്‍ നിന്ന് മാത്രമായി 3.85 കോടി രൂപയാണ് ഇയാള്‍ സമാഹരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബര്‍ ക്രൈം യൂണിറ്റിന് പരാതി നല്‍കിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.




ഇതിനിടെ, ഇന്ത്യയില്‍ എത്തിയ ആശിഷ് സിങ് ഇക്കഴിഞ്ഞ ജനുവരിയില്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ഇയാളില്‍ നിന്നും ഒരു ലാപ്ടോപ്പ്, രണ്ട് ഐഫോണുകള്‍, 13,970 രൂപ, യുഎസ് ഡോളര്‍, യുഎസ്, ഇന്ത്യന്‍ ഐഡി കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഒരു ഹെല്‍ത്ത് കാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി തിരിച്ചറിയല്‍, ബാങ്കിംഗ് രേഖകള്‍ പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിഞ്ഞെന്നും അയോധ്യ പൊലീസ് പറയുന്നു. 3,72,520 പേര്‍ക്കായി 2.15 കോടി രൂപ തിരികെ നല്‍കി. ബാക്കി 1.70 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃര്‍ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: