ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തും.

ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം ‌പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ.


അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എക്‌സില്‍ പങ്കുവെച്ച ഹിന്ദി കവിതയിൽ‌ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

ജൂൺ 3നാണ് തരൂരും സംഘവും വാഷിംഗ്ടണിൽ എത്തിയത്. അവിടെ അവർ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ, കോൺഗ്രസിലെ മുതിർന്ന അംഗങ്ങൾ, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തി. വാൻസുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് തരൂർ പറഞ്ഞു. പഹൽഗാം അക്രമത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ച വാൻസ് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാണിച്ച സംയമനത്തെ പ്രശംസിച്ചെന്നും തരൂർ വെളിപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: