ഗുരുതരാവസ്ഥയിലായ നവജാതശിശു മരിച്ചതിനെ തുടര്‍ന്ന്  വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. ജൂൺ 9 ന് ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രി പരിസരത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഡൽഹിയിലെ രോഹിണിയിലെ ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർക്കാണ് മർദനമേറ്റത്. രോഗിയെ സഹായിക്കാന്‍ എത്തിയ അഞ്ചു സ്ത്രീകള്‍ ചേര്‍ന്നാണ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു. കുറ്റാരോപിതരായ സ്ത്രീകൾ ഡോക്ടറെ ഒരു ഇടനാഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ആക്രമിക്കുകയായിരുന്നു.


വിഷയം ആരോഗ്യ മേഖലയില്‍ വലിയപ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നവജാത ശിശു മരിച്ചത്. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഒപിഡിയില്‍ നിന്നും വാര്‍ഡിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. വാര്‍ഡ് നമ്പര്‍ 11ലെ സോണിയ എന്ന രോഗിയുടെ സഹായിയായി എത്തിയവരാണ് ഡോക്ടറെ തടഞ്ഞുനിര്‍ത്തി ശാരീരികമായി അതിക്രൂരമായി ഉപദ്രവിച്ചത്. ഒരാഴ്ച മുമ്പ് ജനിച്ച കുഞ്ഞ് അതീവഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പൊലീസ് അമിത് ഗോയല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ചത്. അമ്മ ഇപ്പോഴും ചികിത്സയിലാണ്.

ഡോക്ടറുടെ മുടി പിടിച്ച് വലിച്ചു, വസ്ത്രങ്ങള്‍ കീറി, സ്‌തെസ്‌കോപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൈാല്ലാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ദൃക്‌സാക്ഷികളും ആശുപത്രി അധികൃതരും പ്രതികളായ സ്ത്രീകള്‍ക്ക് എതിരെ ആരോപിക്കുന്നത്. കേസില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചത് ആരോഗ്യമേഖലയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

സംഭവത്തെ തുടര്‍ന്ന് “വിവിധ ആശുപത്രികളിലെ എല്ലാ ഡോക്ടർമാരും അവരുടെ ഷിഫ്റ്റുകളിൽ കൈകളിൽ കറുത്ത റിബൺ ധരിക്കും. ഇന്ന് കരിദിനമായി ആചരിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ അസോസിയഷേന്‍ ആഹ്വാനം ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട ഡോക്ടര്‍ക്ക് എൈക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കറുത്ത റിബണ്‍ കെട്ടി ഡ്യൂട്ടി ചെയ്യാന്‍ ഡോക്ടര്‍മാരോട് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

”ഷിഫ്റ്റിലുള്ള എല്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാരോട് കയ്യില്‍ കറുത്ത ചരട് കെട്ടി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. ഇരയായ ഡോക്ടര്‍മാരെ കണ്ട് വേണ്ട നടപടികള്‍ എന്ത് ചെയ്യണമെന്ന് ഐഎംഎ തീരുമാനിക്കും,” ഡിഎംഎ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: