അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയാണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്. ഇതിന് പുറമേ ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്. ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാസ്കർ തന്നയ്ക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു. ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി
