കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ തലയോല പറമ്പിലെ വീട്ടിൽ മൃതദേഹം സംസ്ക്‌കരിക്കും. പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
എന്നാൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുന്നിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളജ് പരിസരത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടു.
പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ചാണ്ടി ഉമ്മൻ മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലത്ത് നിന്ന് മാറാൻ തയ്യാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് നീക്കിയ ശേഷം ആംബുലൻസ് കടത്തിവിട്ടു. സംഘർഷത്തിൽ ചാണ്ടി ഉമ്മന്റെ പേഴ്സണൽ സ്റ്റാഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, മൂന്ന് ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമർശിച്ചു.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും.
