സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം : പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചന.

മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ സമഗ്ര പരിഷ്‌കരണത്തിനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും മതസ്ഥർക്ക് താല്‍പര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകള്‍ സ്‌കൂളുകളില്‍ ഉള്‍പെടുത്തുന്നത് ശരിയല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ മതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക്കുന്നത്.

ആദ്യഘട്ടത്തില്‍ പ്രാർത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം. പാദപൂജയെ ന്യായീകരിച്ച ഗവർണർക്കെതിരെ വിദ്യാർഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം എന്നാണ് ഉയർന്ന ചോദ്യം.

പാദപൂജ വിഷയത്തില്‍ സ്‌കൂള്‍ അധികൃതരെ വിമർശിച്ചും പിന്തുണച്ചും പലവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതിനാല്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടി നിർണായകമാകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: