Headlines

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ആത്മഹത്യാ പ്രേരണക്കുറ്റം





കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.


സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.

അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞിരുന്നു. മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.




ഇന്ത്യന്‍ കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും വിപഞ്ചികയുടെ അമ്മ പരാതി നല്‍കിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.


ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുമ്പായിരുന്നു വിവാഹം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: