ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ സുവർണ നേട്ടവുമായി ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗർ സാംറയാണ് സ്വർണം നേടിയത്. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്റ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമാണിത്.
ഇതേയിനത്തിൽ ആഷി ചൗക്സെ വെങ്കല മെഡലും നേടി. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ബുധനാഴ്ച ഇന്ത്യ സ്വർണം നേടിയിരുന്നു. ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. മനു ഭാകർ, എഷ സിങ്, റിതം സങ്‍വാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്. ചൊവ്വാഴ്ച അശ്വാഭ്യാസത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
25 മീറ്റർ ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ മനു ഭാകറും എഷ സിങ്ങും ഫൈനലിൽ കടന്നിട്ടുണ്ട്. 50 മീറ്റർ റൈഫിൾ 3പി ഇനത്തിൽ ഇന്ത്യ ബുധനാഴ്ച വെള്ളി നേടി. സിഫ്റ്റ് സമ്ര, ആഷി ചൗക്സെ, മനിനി കൗശിക് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. ബുധനാഴ്ച ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി ഉയർന്നു. ചൊവ്വാഴ്ച അശ്വാഭ്യാസത്തിലും ഇന്ത്യ സ്വർണം സ്വന്തമാക്കിയിരുന്നു.
