നെയ്യാറ്റിൻകര : സ്വദേശാഭിമാനി നാടുകടത്തൽ ദിനത്തിൽ നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് പരിസരത്ത് യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർമ്മ മരം നട്ടു. നേരത്തെ ഇവിടെ നട്ട് പരിപാലിച്ചു വന്ന സ്വദേശാഭിമാനി സ്മൃതി മരം നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ കണ്ടിജന്റ് ജീവനക്കാർ അനധികൃതമായി മുറിച്ചു മാറ്റിയത് ഏറെ വിവാദമാകുകയും തുടർന്ന് മുൻസിപാലിറ്റി അധികൃതർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
സ്വദേശാഭിമാനി പാർക്കിലെ സ്മൃതിമണ്ഡപത്തിൽ തുടർന്ന് ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രചന വേലപ്പൻ നായർ ഉദ്ഘാടനം നിർവഹിക്കുകയും ഓർമ്മ മരം നടുകയും ചെയ്തു. സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്താൻ എല്ലാക്കാലത്തും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ , മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ വി എസ് സജീവ് കുമാർ , വി ഐ ഉണ്ണികൃഷ്ണൻ , നെയ്യാറ്റിൻകര മുൻസിപാലിറ്റി കൗൺസിലർ അനിതകുമാരി, യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി ശ്രീകാന്ത് എം, അനിൽ സി എസ്, ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.
