ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു; ഇനി ഏകാന്ത തടവ്

കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്

അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റർ അകലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.

ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റർ ഉയരത്തില്‍ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരില്‍ മതില്‍ പണിതിരിക്കുന്നത്.

കണ്ണൂർ ജയിലില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രല്‍ ജയിലിനകത്തെ ഇലക്‌ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷം മാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധന നടത്താതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: