തിരുവനന്തപുരം : പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി. മണിക്കൂറുകളോളം ഉള്ളിൽ അകപ്പെട്ട കുഞ്ഞിനെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകനാണ് കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടഞ്ഞു.
വീട്ടുകാർ തിരഞ്ഞെത്തിയത്തിയപ്പോഴേക്കും കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കായി. ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളെല്ലാം പാളി. രക്ഷയില്ലാതെ വീട്ടുകാർ ഫയർഫോഴ്സ് സഹായം തേടി. പിന്നാലെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് എത്തി പരിശ്രമിച്ചു നോക്കിയെങ്കിലും വാതിൽ തുറക്കാനായില്ല. ഏറെ നേരമായി കുടുങ്ങിക്കിക്കുന്ന കുട്ടിയുടെ ആരോഗ്യനില മോശമാകാൻ സാധ്യതയുള്ളതിനാൽ പിന്നിലെ ചെറിയ ഗ്ലാസ് പൊട്ടിച്ച് ഡോർ തുറന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
