എറണാകുളം: ചെങ്ങമനാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഓലമേഞ്ഞ ഷെഡാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചത്. 52കാരിയായ വീട്ടമ്മ ഒറ്റക്ക് ഇവിടെ താമസിച്ചുവരുകയായിരുന്നു. തൊട്ടടുത്ത ആളില്ലാത്ത വീടിന്‍റെ ചാർത്തിലുണ്ടായിരുന്ന ഫ്രിഡ്ജും, വാഷിങ് മെഷിൻ, എ.സി അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടമ്മ തൊട്ടടുത്ത വീട്ടിൽ ടി.വി കാണാൻ പോയതുകൊണ്ട് അപകടമൊന്നും പറ്റിയില്ല.
ചെങ്ങമനാട് പഞ്ചായത്തിലെ 17-ാം വാർഡ് ദേശം കുന്നുംപുറത്ത് അമ്പാട്ടുപള്ളം കോളനിയിലെ തോപ്പിൽ പറമ്പിൽ വീട്ടിൽ പ്രഭ ദിലീപ് താമസിച്ചിരുന്ന ഷെഡാണ് വെള്ളിയാഴ്ച രാത്രി 8.15ഓടെ കത്തിനശിച്ചത്.
ഷെഡിനകത്തുണ്ടായ രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ച് തീ പിടുത്തമുണ്ടായത്. സ്ഫോടന ശബ്ദം കേട്ടും, തീനാളം പടർന്നുയരുന്നത് കണ്ടും കിലോമീറ്ററോളം ദൂരത്തുള്ളവരും, വഴിയാത്രക്കാരും പാഞ്ഞെത്തിയ ശേഷമാണ് സമീപവാസികൾ സംഭവം അറിയുന്നത്. അപ്പോഴേക്കും പ്രഭയുടെ കിടപ്പാടം പൂർണമായും അഗ്നിക്കിരയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന തോപ്പിൽ പറമ്പിൽ ഷാജിയുടെ വീട്ടിലെ വാഷിങ് മെഷീൻ, ഫ്രിഡ്ജ്, എ.സി, പ്രഷർകുക്കർ, പാത്രങ്ങൾ, തയ്യൽ മെഷീൻ തുടങ്ങിയവയാണ് കത്തിനശിച്ചത്. അടുക്കള വാതിലിലും ജനലിലും തീ പടർന്നപ്പോഴേക്കും നാട്ടുകാരെത്തി തീവ്രശ്രമം നടത്തി തീയണച്ചു.
സംഭവമറിഞ്ഞ് അഗ്നിരക്ഷസേന എത്തുമ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. പ്രഭയുടെ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, തയ്യൽ മെഷീൻ, തുടങ്ങി സർവ്വതും കത്തിനശിച്ചു. ആധാരം, റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങി വിലപ്പെട്ട രേഖകളും അഗ്നിക്കിരയായി. രണ്ട് വർഷത്തിലധികമായി ലൈഫ് പദ്ധതിയിലുള്ള വീടിന് പ്രഭയുടെ പേര് ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിലും ഫണ്ട് കിട്ടിയിട്ടില്ല. മറ്റ് നടപടികളുമുണ്ടായിട്ടില്ല. ലൈഫ് പദ്ധതിയിലെ വീടും കാത്ത് ആറ് വർഷമായി ദുരിതങ്ങൾ പേറി ഷെഡിൽ താമസിച്ച് വരുന്നതിനിടെയാണ് ആ കിടപ്പാടവും ഇല്ലാതായത്.
