Headlines

എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച്  സി.സി. മുകുന്ദൻ എംഎൽ എ ; തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് സി സി മുകുന്ദൻ

വ്യവസായി എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ. തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്.

ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന എം.എൽ.എയുടെ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് വ്യവസായി എം.എ. യൂസഫലിയടക്കമുള്ളവർ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അത്തരം സഹായങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കി. ശമ്പളത്തിന്റെ വലിയൊരു ഭാഗം പൊതുപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാൽ വീടിന്റെ വായ്പ തിരിച്ചടവിൽ വീഴ്ച സംഭവിച്ചെന്നും, ഇത് മാതൃകയാവേണ്ട ഒരു ജനപ്രതിനിധിക്ക് സംഭവിച്ചത് ശരിയല്ലെന്ന് സ്വയം വിമർശനപരമായി തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ ചുമട്ടുതൊഴിലാളിയായി ജീവിതം തുടങ്ങി പൊതുപ്രവർത്തന രംഗത്തെത്തിയ തനിക്ക് ജനങ്ങളും പാർട്ടിയും നൽകിയ അംഗീകാരമാണ് എം.എൽ.എ. പദവിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഹായവാഗ്ദാനം ചെയ്ത യൂസഫലിയോടും മറ്റു സുമനസ്സുകളോടും നന്ദി പറഞ്ഞ സി.സി. മുകുന്ദൻ, ആ പണം തന്റെ മണ്ഡലമായ നാട്ടികയിലെ പാവപ്പെട്ടവർക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചു. രോഗം ബാധിച്ചവരും വീടില്ലാത്തവരുമായ നിരവധി പേർ മണ്ഡലത്തിലുണ്ടെന്നും, അവർക്ക് നൽകുന്ന സഹായം അവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് വ്യക്തിപരമായ നേട്ടങ്ങൾക്കായി ആരുടെയും മുന്നിൽ കൈനീട്ടാത്തതെന്നും, തന്റെ രാഷ്ട്രീയ സംശുദ്ധിക്ക് കോട്ടം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാർട്ടിയുടെ നേതാക്കൾ അദ്ദേഹത്തെ കാണുകയും സാമ്പത്തികമായി സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപകടത്തിൽ ആശ്വസിപ്പിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: