കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്.
കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ് പനി സര്‍വേ നടത്തി.
കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു.
