തൃശൂരില്‍ വോട്ട് ചേര്‍ത്തത് കൃത്രിമ രേഖയുണ്ടാക്കി, ഇലക്ഷന്‍ കമ്മീഷനെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാകില്ല’; സുരേഷ് ഗോപിക്കെതിരെ ടി എന്‍ പ്രതാപന്‍



തൃശൂര്‍: ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപന്‍. ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപോകുമ്പോള്‍ വോട്ട് മാറ്റി ചേര്‍ത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ട് ചേര്‍ത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് തിരുവനന്തപുരത്ത് തന്നെയാണ് വോട്ട്. എന്നാല്‍ ഇത്തവണ 75000 ത്തോളം വ്യാജ വോട്ടുകള്‍ ചേര്‍ത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളാവുകയായിരുന്നു എന്നും ടിഎന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി.




തൃശൂരിലാണ് താമസിക്കുന്നതെങ്കില്‍ ആ വിലാസത്തില്‍ വരാനിരിക്കുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും പേരുകള്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട് തിരുവനന്തപുരത്താണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് പോലെ താമസസ്ഥലം മാറി സുരേഷ് ഗോപി വോട്ട് ചേര്‍ത്തതല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. താമസസ്ഥലം മാറാതെ കൃത്രിമ രേഖയുണ്ടാക്കി തൃശൂരില്‍ വോട്ട് ചേര്‍ത്തുകയാണ് സുരേഷ് ഗോപി ചെയ്തത്.


ഇക്കാര്യം പൊലിസ് അന്വേഷണത്തില്‍ തെളിയും. ഈ ആരോപണത്തിനാണ് സുരേഷ് ഗോപി മറുപടി പറയേണ്ടത്. അതിന് പകരം സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. ഇത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പാരമ്പര്യമുള്ള ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. തൃശൂരിന്റെ പ്രതിനിധിയാകനുള്ള യോഗ്യതയില്ലെന്ന് ഈ പരാമര്‍ശത്തിലൂടെ തെളിയിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും ടി എന്‍ പ്രതാപന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: