കൊല്ലം: പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് തന്നെ അന്വേഷിച്ചുനടന്ന എസ്ഐയുടെ തന്നെ സ്കൂട്ടറിൽ. അപകടം തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
കൊല്ലം ജില്ലയിലാണ് സംഭവം. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബിൻസ് രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം- തേനി പാതയിൽ അലിൻഡ് ഫാക്ടറിക്ക് മുന്നിലെത്തിയപ്പോഴാണ് എസ്ഐയുടെ വണ്ടിക്ക് കൈ കാണിക്കുന്നതും പിടിയിലാകുന്നതും.