ദോശയ്ക്കാപ്പം ചമ്മന്തിക്കറി നൽകിയില്ല; പ്രകോപിതനായ യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു

ഇടുക്കി : ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. സാരമായി പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. 

കഴിഞ്ഞ ദിവസം രാത്രി 10.30നു പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍ പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു. ചമ്മന്തി തീർന്നു പോയതിനാൽ ദോശയ്ക്കൊപ്പം ചമ്മന്തി കൊടുക്കാനായില്ല. എന്നാൽ പ്രകോപിതനായ സജീഷ്
ദോശയ്ക്കൊപ്പം ചമ്മന്തിക്കറി നൽകിയില്ലെന്ന് ആരോപിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ മർദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ശിവചന്ദ്രനെ മർദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി.

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷനൽകിയശേഷം ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുകയുമായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് വണ്ടൻമേട് പൊലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: