തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ നടത്തും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യം ജർമനിയിൽ ചികിത്സയ്ക്ക് പോകും മുൻപ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിൻറെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സർക്കാരിന് നൽകിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചതിനാൽ ഇത് അംഗീകരിക്കുന്നതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.
തിരുവനന്തപുരത്തെ പൊതുദർശനത്തിന് ശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനിൽക്കുന്നത്. കെഎസ്ആർടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. 23 കിലോമീറ്റർ പിന്നിടാൻ മാത്രം അഞ്ചര മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളിൽ ജനനായകനെ ഒരു നോക്കുകാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
പ്രിയനേതാവിനോടുള്ള ജനങ്ങളുടെ കരതലും ആർദ്രതയും എന്താണെന്ന് അടയാളപ്പെടുത്തുന്നതാണ് ഈ വിലാപയാത്ര. റോഡിന് ഇരുവശവും കൈക്കുഞ്ഞുങ്ങളമായി എത്തിയ അനേകം അമ്മമാർ, വയോധികർ, അംഗപരിമിതർ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ജനകീയ നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നത് വഴിനീളെ കാണാമായിരുന്നു
മതപരമായ ചടങ്ങ് മതിയെന്ന് കുടുംബം, പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി
