Headlines

പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്ക് . കണ്ണീരോടെ യാത്രയാക്കി തലസ്ഥാനം.

തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന്‌ വിടചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് അവസാനയാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന പേരിട്ട ഉമ്മൻ ചാണ്ടി തിരികെ വരാതെ അവസാനമായി പടിയിറങ്ങുമ്പോൾ കണ്ണു നിറയാതെ കണ്ടുനിൽക്കാനാവില്ല. പുതുപ്പള്ളിയിലെക്കുള്ളള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാൻ റോഡരികിൽ തടിച്ചുകൂടിയത് വൻജനാവലിയാണ്. രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗത്ത് ഉള്ളവരെല്ലാം അദ്ദേഹത്തെ കാണാൻ എത്തിയത് തിരുവനന്തപുരത്താണ് . രാത്രി ഏറെ വൈകിയും ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായൊന്ന് കാണാൻ എത്തിയത് വലിയ ആൾക്കൂട്ടമാണ്. അവിടം മുതൽ ഉമ്മൻ ചാണ്ടിയെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു തലസ്ഥാന നഗരിയിൽ. ആൾക്കൂട്ടം അടുത്തുണ്ടായിട്ടും അറിയാനാകാതെ ചേതനയറ്റ് കിടക്കുന്ന ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തിന് പരിചിതമല്ലല്ലോ. ഇടയ്ക്കിടെ തലസ്ഥാനത്ത് നിന്ന് കോട്ടയത്തേക്ക് പുതുപ്പള്ളിയിലേക്ക് പോയി വന്നിരുന്ന യാത്രകൾ പോലെയല്ല, ഉമ്മൻ ചാണ്ടി ഇനി തിരിച്ചു വരില്ലെന്ന സത്യം ഉൾക്കൊള്ളാനാകാതെയാണ് ഓരോരുത്തരും യാത്രയാക്കുന്നത്.
ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നവഴി തലസ്ഥാനത്തോടും യാത്ര പറഞ്ഞു.

പുതുപ്പള്ളി വീട്ടിൽ നിന്നും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വിലാപയാത്ര പുതുപ്പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം നഗരം വിട്ടത്.ജനത്തിരക്ക് കാരണം 53 കി.മീ പിന്നിടാൻ ഒൻപത് മണിക്കൂറാണ് എടുത്തത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ വഴി വിലാപയാത്ര ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. കെ. എസ്. ആർ. ടി .സിയുടെ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് വിലാപയാത്ര. ബുധനാഴ്ച രാത്രി കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ എത്തിക്കുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: