ഹരിപ്പാട്: വീട് തീവെച്ചു നശിപ്പിച്ചകേസിലെ രണ്ടുയുവാക്കൾ പോലീസിൻ്റെ പിടിയിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് കത്തിനശിച്ചത്. പള്ളിപ്പാട്ടുമുറി പള്ളിശാലിൽ അഭിജിത്ത് (26), പള്ളിശാലിൽ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ വീടുകത്തിച്ചത്. വീട്ടുപകരണങ്ങളും ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവയും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഷീറ്റുകൊണ്ട് നിർമിച്ചിരുന്ന വീടും പൂർണമായും കത്തിനശിച്ചു.
നടരാജന്റെ മകൻ മനോജുമായുള്ള തർക്കമാണ് വീടുകത്തിക്കലിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പാട്ടുമുറി ജങ്ഷനു സമീപത്തുവെച്ച് മനോജ് ഒരു യുവതിയോടു മോശമായി പെരുമാറിയിരുന്നത്രെ. ഇതുമായി ബന്ധപ്പെട്ട് യുവതി പോലീസിൽ പരാതി നൽകി. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതെങ്കിലും പിന്നീട് വിട്ടയച്ചു.
ഇതിനുശേഷം യുവതിയുടെ ബന്ധുക്കളുൾപ്പെടെ ഏതാനുംപേർ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങൾകാട്ടി ഭീഷണിമുഴക്കി. നടരാജനും ഭാര്യ മണിയമ്മയും സംഭവത്തെപ്പറ്റി രാത്രിതന്നെ പോലീസിൽ പരാതി നൽകി.
രാത്രി പത്തരയോടെ ഏതാനുംപേരെത്തിയാണ് വീടുകത്തിച്ചത്. ശബ്ദംകേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ല.
സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചതായും കൂടുതൽ പ്രതികളുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിലേ വ്യക്തമാകുകയുള്ളെന്ന് തൃക്കുന്നപ്പുഴ പോലീസ് പറയുന്നു
