രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്കാര ജേതാവാണ്. ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു.

യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ കഷ്ടപ്പാട് കാരണം സ്കൂൾ പഠനം സാധ്യമായിരുന്നില്ല. ചെറുമക്കൾ പഠിക്കുന്നത് കണ്ടാണ് സാക്ഷരതാ ക്ലാസിൽ ചേരുന്നത്. 2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽപി സ്കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിവരം സാക്ഷരതാ മിഷൻ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതിയും കാര്‍ത്ത്യായനി അമ്മയ്ക്കായിരുന്നു.

ഭർത്താവ് പരേതനായ കൃഷ്ണപിള്ള, മക്കൾ: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: