ആറ്റിങ്ങൽ: പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് പിന്തുടർന്ന് കാസർകോട്ടുനിന്ന് അറസ്റ്റു ചെയ്തു.
ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം സരോജംവീട്ടിൽ നിഷാന്തിനെയാണ് തട്ടിക്കൊണ്ടുപോയത്. കോട്ടയം വൈക്കം കൊതവര പഞ്ചായത്തോഫീസിനു സമീപം ചക്കാലയ്ക്കൽവീട്ടിൽനിന്ന് ബെംഗളൂരു ഇലഹങ്ക ശിവനഹള്ളി വസവേശ്വരനഗർ നമ്പർ-49 ൽ താമസിക്കുന്ന റോയി സി.ആന്റണി (47), കോഴിക്കോട് ചിലവൂർ അങ്കണവാടിക്ക് സമീപം ഷംനാദ് (ഷാൻ-33), ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽവീട്ടിൽ നെൽസൺ (ഫ്രെഡി-33), കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ പോസ്റ്റ് ഓഫീസിനുസമീപം പൊറ്റമ്മൽ ഹൗസിൽ ഹർഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ നിഷാന്തിന്റെ വീട്ടിലെത്തിയ സംഘം പണം ആവശ്യപ്പെട്ടു. കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നിഷാന്തിനെ കാറിൽക്കയറ്റി കൊണ്ടുപോയി. പിന്നീട് നിഷാന്തിനെക്കുറിച്ച് വിവരം ലഭിക്കാതായി.