അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിൽ വിതരണം ചെയ്തു. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം വിതരണം ചെയ്തത്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.
നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മലയാളിയായ ഷാഹി കബീർ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്കാരം ഇന്ദ്രൻസ് എറ്റുവാങ്ങി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്.
നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ആണ് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം
ഗോപാലനാണ് മൂന്നാം വളവ് നിർമ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ്
പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഗോകുലം ഗോപാലൻ പുരസ്കാരം ഏറ്റുവാങ്ങി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ്
സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.
