ന്യൂഡൽഹി: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം നാളെ മുതല്‍ നടക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കും.
ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പിബി തീരുമാനമടക്കം കേന്ദ്രകമ്മറ്റിക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം കേന്ദ്രകമ്മറ്റിയില്‍ ഉയര്‍ന്നു വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊരു അജണ്ട. മധ്യപ്രദേശില്‍ ഇന്ത്യ സഖ്യത്തിലുണ്ടായ ഭിന്നത പാര്‍ട്ടി വിലയിരുത്തും. മിസോറാം ഒഴികെ മറ്റ് നാലു സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് നിലവിലെ തീരുമാനം.
പലസ്തീന്‍ വിഷയം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും ചര്‍ച്ചയാകും. തെറ്റ് തിരുത്തല്‍ രേഖയടക്കമുള്ള സംഘടന വിഷയങ്ങളും യോഗത്തിന്റെ അജണ്ടയില്‍ ഉണ്ട്.
