കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ ആയിരത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു,

കൊച്ചി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു. ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ചില വാഹനങ്ങൾക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ അടക്കം മറിഞ്ഞു. നിലവിൽ ആർക്കും പരിക്കില്ല.സംസ്ഥാനത്തു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവിൽ അറിയിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. എറണാകുളം അടക്കം എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം നാളെ മുതൽ മഴ ദുർബലമാകുമെന്നാണ് കരുതുന്നത്. നാളെ ഒരു ജില്ലയിലും അലർട്ട് പുറപ്പെടുവിച്ചിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: