കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് മരിച്ച സാലി. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന സാലി രാത്രിയാണ് മരിച്ചത്.

മകൾ 12 വയസ്സുകാരി ലിബിന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. ചികിത്സയിലുള്ള മകൻ പ്രവീൺ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകൻ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്.
