നവകേരള സദസിനായി തയ്യാറാക്കിയത് ആഡംബര ബസല്ലെന്നും സാധാരണ ബസാണെന്നും മന്ത്രിമാർ.മാധ്യമങ്ങൾ ദുഷ്പ്രചാരണമാണ് നടത്തിയത്. ബസിനുള്ളിൽ സ്വിമ്മിങ് പൂളുണ്ടെന്നും ബസ്സിലേക്ക് കയറാൻ ലിഫ്റ്റ് ഉണ്ടെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ കസേരകളിലാണ് ഇരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിൻറെ ഫെയ്സ്ബുക്ക് ലൈവിൽ മന്ത്രിമാർ പ്രതികരിച്ചു.
ബസ്സിന്റെ ഉൾവശം ലൈവ് വീഡിയോയിലൂടെയാണ് പി രാജീവ് അടക്കമുള്ള മന്ത്രിമാർ കാണിച്ചത്. സാധാരണ ബസിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസിലുള്ളതും. ഒരു വാഷ്ബെയ്സിനും അറ്റാച്ച്ഡ് ബാത്ത്റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസിൽ അധികമായുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏറെ സന്തോഷത്തോടെയാണ് വിഡിയോയിൽ എല്ലാവരും പോസ് ചെയ്തിരിക്കുന്നത്.ഇടയ്ക്ക് സീറ്റൊക്കെ എല്ലാരും കാണട്ടെ എന്ന് പറയുന്നതും കേൾക്കാം. നവകേരള ജനസദസിന് കാസർഗോഡ് തുടക്കമാകാനിരിക്കെയാണ് ഏറെ വിവാദമായ ബസിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതൊരു സാധാരണ ബസാണെന്നും മാധ്യമ പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി വീണ ജോർജ് പറയുന്നു.
