ചെന്നൈ: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെൺമക്കളും മരിച്ചു. തിരുവള്ളൂരിനു സമീപം വേപ്പംപെട്ടിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. പെരുമാൾപെട്ട് സ്വദേശി മനോഹരൻ (51), മക്കളായ ധരണി (18), ദേവദർശിനി (17) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ സന്ദർശിക്കാനായി പോകുകയായിരുന്നു മനോഹരനും പെൺമക്കളും. വേപ്പംപെട്ട് റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മൂന്നുപേരുടെയും മരണം സംഭവിച്ചു.
പെരുമാൾപെട്ട് ഭാഗത്തു നിന്ന് വരുന്നവർ വേപ്പംപെട്ട് റെയിൽവേ സ്റ്റേഷനോടു ചേർന്ന് പാളത്തിനു കുറുകെ കടന്നാണ് സിടിഎച്ച് റോഡിലേക്ക് എത്തുന്നത്. ഇരുഭാഗത്തുമുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മേൽപാലം നിർമിക്കാൻ ആരംഭിച്ചെങ്കിലും നിയമപ്രശ്നങ്ങളെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. സമീപത്തു തന്നെ രണ്ടാമതൊരു മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചതും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.
മൂന്നു പേരുടെ മരണത്തിൽ പ്രതിഷേധിച്ചും പാതിയിൽ നിർത്തിവച്ചിരിക്കുന്ന മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും പ്രദേശവാസികളുടെ നേതൃത്വത്തിൽ ചെന്നൈ – തിരുപ്പതി ഹൈറോഡിൽ (സിടിഎച്ച് റോഡ്) ഉപരോധ സമരം നടത്തി. പൊലീസും ജില്ലാ ഭരണാധികാരികളും നടത്തിയ ചർച്ചയിൽ, പാളത്തിനു കുറുകെ കടക്കുന്നതിനു ബദൽ മാർഗങ്ങൾ ഏർപ്പെടുത്താമെന്ന ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തെ തുടർന്ന് സിടിഎച്ച് റോഡിൽ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി.