Headlines

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും

ദില്ലി: ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാൻ-3 പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയർത്തൽ നടന്നത്. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും.

ആ​ഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: