തിരുവനന്തപുരം : നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണത്തിൽ ഗുരുതരവീഴ്ച തുറന്നു കാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗ്ഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.
ശബരിമലയും തൃശൂർ പൂരവും ഉൾപ്പടെ സംസ്ഥാനത്തെ ഏറ്റവും വലിയ ആൾക്കൂട്ടമെത്തുന്ന ഇടങ്ങളിൽ കൃത്യമായ പൊലീസ് വിന്യാസം കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. എന്നാൽ, അടച്ചിട്ട ഇടങ്ങളിലും ഓഡിറ്റോറിയത്തിലും പൊതുമാർഗ്ഗനിർദ്ദേശത്തിന്റെ പ്രസക്തിയാണ് കുസാറ്റ് ദുരന്തം വഴിവയ്ക്കുന്നത്.
കഴിഞ്ഞ മാസം കുസാറ്റിൽ നടന്ന മറ്റൊരു പരിപാടിയ്ക്കായി പൊലീസിനെ അറിയിച്ചിട്ടും എത്താത്തതിനാൽ, ഇത്തവണ പൊലീസിലേക്ക് വിവരം എത്തിയിരുന്നില്ല. ഉപഗേറ്റുകൾ അടച്ചിട്ട അവസ്ഥയിൽ തുറന്നിട്ട ഏകഗേറ്റിന് അല്പം മുന്നിലെങ്കിലും ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.
