പാലക്കാട്: ശബരിമലയിൽ അയ്യപ്പ ഭക്തരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കോൺഗ്രസ് നടത്താനിരുന്ന പരിപാടിയുടെ പേര് മാറ്റി. കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്താനിരുന്ന പരിപാടിയുടെ പേര് ആണ് മാറ്റിയത്. പരിപാടിയുടെ പോസ്റ്റർ വിവാദമായതോടെയാണ് പ്രതിഷേധ ഭജന എന്ന പേര് മാറ്റി പ്രതിഷേധ ധർണയാക്കിയത്
പോസ്റ്റർ തയ്യാറാക്കിയത് തന്റെ അറിവോടുകൂടി അല്ലെന്ന് ഡിസിസി പ്രസിഡൻറ് എ. തങ്കപ്പൻ പറഞ്ഞിരുന്നു. താൻ അത് ആർക്കും ഷെയർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ തിരക്കിനിടയിൽ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായി ഉപയോഗിച്ച് പരിപാടിയുടെ പോസ്റ്റർ തയ്യാറാക്കിയത് വിവാദമായിരുന്നു.
അതേസമയം ഭക്തരുടെ വിശ്വാസത്തെ കരുവാക്കി നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ്സ് – ബിജെപി ശ്രമമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ആരോപിച്ചു. ശബരിമലയിൽ വലിയ പ്രങ്ങളില്ല. വെള്ളമില്ല വെളിച്ചമില്ല എന്നുള്ള മുദ്രാവാക്യം ബോധപൂർവ്വം ഉണ്ടാക്കുന്നതാണ്. എല്ലാ സൗകര്യങ്ങളുടെയും നടുവിൽ നിന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. അച്ഛനെ കാണാതെ കരയുന്ന കുട്ടിയെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അതിന്റെ പേരിൽ ചിലർ ഭജനയിരിക്കാൻ പോകുന്നുവെന്നും ഇതൊക്കെ ശരിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
