നിവിന്‍ പോളി – റാം ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’ റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക്

നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം യേഴ് കടല്‍ യേഴ് മലൈയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രശസ്തമായ റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍. മേളയുടെ അടുത്ത വര്‍ഷം നടക്കുന്ന 53-ാം പതിപ്പില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ ചലച്ചിത്രോത്സവം നടക്കുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. മമ്മൂട്ടിയെ നായകനാക്കി 2019 ല്‍ ഒരുക്കിയ പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. 2021 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. റാമിന്റെ നായകനായി നിവിന്‍ പോളി എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റുമാണ് യേഴ് കടല്‍ യേഴ് മലൈ. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അഞ്ജലി നായികയാവുന്ന ചിത്രത്തില്‍ സൂരി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജയും ഛായാഗ്രഹണം ഏകാംബരവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് മതി വി എസ്, കലാസംവിധാനം ഉമേഷ് കുമാര്‍, വരികള്‍ മദന്‍ കാര്‍കി, സംഘട്ടനം സ്റ്റണ്ട് സില്‍വ, നൃത്തസംവിധാനം സാന്‍ഡി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത് സോനാവാനെ, മേക്കപ്പ് പട്ടണം റഷീദ്.

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം മലയാളത്തിലും തമിഴിലും ഒരേസമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. ഗൗതം രാമചന്ദ്രന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തെത്തിയ റിച്ചി എന്ന തമിഴ് ചിത്രത്തിലും നിവിന്‍ ഇതിനുമുന്‍പ് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: