ചേർത്തല: കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. ഇതേ വാഹനത്തിലെ കണ്ടക്ടറേയും കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഉദയംപറമ്പ് സാജൻ(35),മാരാരിക്കുളം പാവനാട്ട് ഭവൻ അമൽ(23) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചേർത്തല സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് ഇരുവരും പിടിയിലായത്.
പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിലാണ് സർവീസ് കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയ സ്വകാര്യ ബസിൽ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ ഇരുവരും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റു ചെയ്ത ഇരുവരെയും പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ് കുമാർ പറഞ്ഞു
