തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും സംഘർഷം. കെ എസ് യുവിന്റെ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. പോലീസ് കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെയാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി.
നവ കേരള സദസ്സിനെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് കെ എസ് യു ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പൊലീസ് പിണറായിയുടെ അടമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം.
കേരളത്തിലെ പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും എല്ലാ പ്രവർത്തകരും ഡി ജി പി ഓഫിസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.
