കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ

സയനൈഡ് ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇനി ലോകമറിയും. കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ.’കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ജോളി ജോസഫ് കൊന്നുതള്ളിയത്

ഡോക്യുമെന്ററിയുടെ ട്രെയ്ലർ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ജോളിയുടെ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെ ട്രെയ്ലറിൽ വന്നുപോകുന്നുണ്ട്.

അഭിഭാഷകനായ ബി.എ ആളൂരിനെയും ട്രെയ്ലറിൽ കാണാം.’കേരളത്തിലെ ഒരു ചെറിയ പട്ടണം ഒരു കൊലപാതക പരമ്പരയിൽ വിറങ്ങലിച്ചിരിക്കുകയാണ്. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ജോളി ജോസഫിലേക്കും. സംസാരപ്രിയയായ, ഏവർക്കും പ്രിയങ്കരിയായ ജോളി ഗൂഢരഹസ്യവും, നുണക്കഥകളും വിഷക്കൂട്ടുകളുമൊരുക്കി ഇത്തരമൊരു ചെയ്തിക്ക് കൂട്ടു നിൽക്കുമോ?’ ട്രെയ്ലർ പങ്കു വച്ചുകൊണ്ട് നെറ്റ്ഫ്ളിക്സ് കുറിച്ചു.

കൂടത്തായി കേസ്

കോഴിക്കോട്ടെ കൂടത്തായി എന്ന ചെറിയ ഗ്രാമം ഇന്ന് ആർക്കും അപരിചിതമല്ല. സ്വന്തം ഭർത്താവിനെ ഉൾപ്പടെ ബന്ധുക്കളെ ആറു പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ജോളി ജോസഫ് എന്ന് വീട്ടമ്മയുടെ കഥയോടെ കുപ്രസിദ്ധി നേടിയ ഗ്രാമമാണിത്. ഇവിടെ പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.

റിട്ട.അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയുടെ തുടക്കം. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച ടോം തോമസിന്റെ മകൻ റോജോ തോമസ് പൊലീസ് പരാതി നൽകിയതോടെയാണ് കൊലപാതകപരമ്പരയുടെ ചുരുളഴിയുന്നത്. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് ഉറപ്പിച്ചു. പിന്നാലെ കല്ലറി തുറന്ന് കൊലപാതകം സ്ഥിരീകരിച്ചു, എല്ലാ തെളിവുകളും ജോളിയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു.ഭർതൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: