പ്രതിഷേധത്തിനു വഴങ്ങി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

ഡൽഹി: സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.

ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക് കീഴിൽ പ്രവർത്തിക്കുന്നതായും കായിക മന്ത്രാലയം കണ്ടെത്തി. മുമ്പ് ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയരായവർ തന്നെ വീണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഗോണ്ടയിൽ നടത്തുന്നതിനെതിരെ സാക്ഷി മാലികും രം​ഗത്തെത്തിയിരുന്നു. ബ്രിജ്ഭൂഷൺ സിം​ഗിന്റെ ശക്തികേന്ദ്രമാണ് ​ഗോണ്ട. നിരവധി ജൂനിയർ താരങ്ങൾ തന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ താൻ ആശങ്കയിലുമാണ്. ഇതിനെതിരെ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും സാക്ഷി എക്സിൽ കുറിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: