ന്യൂഡൽഹി: വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അസമിൽ ഗോലാഘാട്ട് എന്ന ജില്ലയിലെ ലജിത് ബോർപ്പുകൻ പോലീസ് അക്കാദമിയിലെ ഡിഎസ്പി കിരൺ നാഥ് ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയെ ഇയാൾ പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച്ചയാണ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. അതേസമയം, അന്വേഷണത്തിൽ തെളിവുകൾ കിട്ടിയെന്നും പോലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്സോ കേസുൾപ്പെടെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു.

