Headlines

25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നോം പെൻ: 25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കംബോഡിയയിൽ 1980-90 കാലഘട്ടത്തിൽ സൈന്യവും ഗറില്ലാ പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലമാണ് ഇത്. അന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രെനേഡാണ് ഇപ്പോൾ പൊട്ടിത്തെറിച്ചത്. സിയെ റീപ് പ്രവിശ്യയിലെ സ്വേയ് ല്യൂ ജില്ലയുടെ പ്രാന്ത പ്രദേശത്താണ് 25 വർഷത്തോളം പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

അയൽവാസികളും ബന്ധുക്കളുമാണ് ഗ്രെനേഡ് പൊട്ടി മരിച്ച കുട്ടികൾ. ഇവരുടെ മാതാപിതാക്കൾ സമീപത്തെ വയലിൽ ജോലി ചെയ്യുന്ന സമയത്ത് വീടിന് സമീപത്തെ മരത്തണലിൽ കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിൽ മണ്ണിനടിയിലുണ്ടായിരുന്ന ഗ്രെനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. നേരത്തെ ഈ മേഖല യുദ്ധം നടന്ന സ്ഥലമാണെന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് ധാരണയില്ലായിരുന്നുവെന്നാണ് വിവരം. ഇവരുടെ വീടുകളുടെ അടിയിലായി മൈനുകൾ കാണാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നാണ് കംബോഡിയ മൈൻ ആക്ഷൻ സെന്റർ ഡയറക്ടർ ജനറൽ ഹംഗ് രത്ത്ന ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രണ്ട് ദശാബ്ദത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിനിടയിൽ 4 മുതൽ 6 ദശലക്ഷം വരെ സ്ഫോടക വസ്തുക്കളാണ് മേഖലയിൽ പൊട്ടാതെ ഉപേക്ഷിക്കപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലായി ഏകദേശം 20000 ആളുകൾ ഇത്തരത്തിലെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയും 45000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്കുകൾ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം 49 പേരാണ് ഇത്തരത്തിലുള്ള സംഭവങ്ങളിൽ കൊല്ലപ്പെട്ടത്.

ഉപേക്ഷിക്കപ്പെട്ട മൈനുകൾ കണ്ടെത്തി അവ നിർവീര്യമാക്കുന്നതിൽ ഏറ്റവും വൈദഗ്ധ്യമുള്ളവരാണ് കംബോഡിയയിലുള്ള വിദഗ്ധർ. യുഎൻ ദൌത്യങ്ങളിൽ അടക്കം ഇത്തരത്തിൽ കംബോഡിയയിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: