മലപ്പുറം: പാലക്കാട് നിപ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന 38 കാരിയുടെ നില ഗുരുതരം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ 10 വയസുകാരനും രോഗലക്ഷണമുണ്ട്. നിലവിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ പാലക്കാട്ടും മലപ്പുറത്തും അതീവ ജാഗ്രതയാണ്. മലപ്പുറത്തെ നാല് പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. 425 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 228 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. പാലക്കാട് നിന്ന് 110 പേരും.കോഴിക്കോട് 87 പേർ സമ്പർക്കപട്ടികയിലുണ്ട്. മലപ്പുറത്ത് 12 പേർ ചികിത്സയിലാണ്. അഞ്ചുപേർ ഐ.സി.യുവിലാണ്.
നിപ ബാധിച്ച യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. 20 ദിവസം മുമ്പാണ് അവർക്ക് പനി തുടങ്ങിയത്. പനി വന്നപ്പോൾ വീടിന് സമീപമുള്ള പാലോട്, കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. എന്നിട്ടും ശമനം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷനൽ വൈറോളജി ലാബിലേക്ക് അയച്ചു. അവിടെ നിന്നുള്ള ഫലവും പോസിറ്റീവായി.