തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത അംഗപരിമിതിയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൈപ്പറമ്പ് കോട്ടയില്‍ വീട്ടില്‍ പ്രേമനെ (57) ആണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2019ലെ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം.
2022ല്‍ കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും പ്രതിക്കെതിരേയുണ്ട്. അംഗപരിമിതിയുള്ള കുട്ടിക്കെതിരേ അതിക്രമം കാണിച്ചതിന് ഈ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരുന്നത്. പിഴ സംഖ്യയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അതിജീവിതക്ക് നല്‍കണമെന്നും ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
2022ല്‍ കുട്ടി മൊബൈല്‍ ഫോണില്‍ അയച്ച സന്ദേശവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പറഞ്ഞപ്പോഴാണ് സംഭവം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് പേരാമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ വി അശോക് കുമാര്‍, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. അഭിഭാഷകരായ രഞ്ജിക കെ ചന്ദ്രന്‍, അശ്വതി, സിപിഒ പി ടി ഷാജു, പ്രശോഭ്, എം ഗീത എന്നിവര്‍ സഹായികളായി.

