പാലക്കാട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. വാളയാർ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ (60) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം.
2019 ലാണ് കേസിനാസ്പദമായ സംഭവം. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ എ ജെ ജോൺസൺ, എസ് ഐ മനോജ് കെ ഗോപി എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി. വാളയാർ പോലീസ്സ്റ്റേഷൻ സിപിഒ എസ് ഗിരീഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

