പത്തനംതിട്ട: ശരീരത്തിൽ ഏഴ് കിലോയോളം ഭാരമുള്ള മുഴയുണ്ടെന്നറിയാതെയാണ് 60 കാരിയായ പത്തനംതിട്ട സ്വദേശിനി സജീറ ബീവി ഇത്രയും നാൾ ജീവിച്ചത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്റെ ശരീരത്തിൽ ഇത്രയും ഭാരമുള്ള അണ്ഡാശയമുഴയുള്ളതായി അറിയുന്നത്.
വിപിഎസ് ലോർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബീവിയ്ക്ക് വയറുവേദനയ്ക്കുള്ള മരുന്നുകൾ നൽകിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് മുഴ കണ്ടെത്തിയത്. സിടി സ്കാനിങിന് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു.
ഫ്രോസൺ ബയോപ്സിയിൽ ബോർഡർലൈൻ ട്യൂമർ കാണിച്ചത് കൊണ്ടും പ്രായം പരിഗണിച്ചും ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു. അണ്ഡാശയത്തിൽ ഇത്രയും വലിപ്പമുള്ള മുഴ കണ്ടെത്തുന്നത് തന്റെ കരിയറിലെ ആദ്യ അനുഭവമാണെന്ന് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സ്മിതാ ജോയ് പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.
